തിരുവാതിര ആഘോഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവാതിരക്കളി
തിരുവാതിരക്കളി

കേരളത്തിലെ ഒരു വിഭാഗം സ്ത്രീകളുടെ പ്രധാനപ്പെട്ട ആഘോഷമാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ഈ ആഘോഷം. പരമശിവന്റെ പിറന്നാളായതുകൊണ്ടാണ് അന്ന് തിരുവാതിര ആഘോഷം നടത്തുന്നതെന്നാണ് ഐതിഹ്യം. “ധനുമാസത്തില്‍ തിരുവാതിര ഭഗവാന്‍ തന്റെ തിരുനാളല്ലോ“ എന്ന് തിരുവാതിരപ്പാട്ടുണ്ട്. ഇംഗ്ലീഷ് മാസത്തില്‍ ഡിസംബര്‍ 15നും ജനുവരി 15നും ഇടയ്ക്കായിട്ടാ‍ണ് തിരുവാതിര വരുന്നത്.

മംഗല്യവതികളായ സ്ത്രീകള്‍ നെടുമാംഗല്യത്തിനു വേണ്ടിയും, കന്യകമാര്‍ വിവാഹം വേഗം നടക്കാന്‍ വേണ്ടിയും തിരുവാതിര വ്രതം എടുക്കുന്നു. സൂര്യോദയത്തിനുമുന്‍പ് കുളത്തില്‍ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കല്‍, നോയമ്പ് നോല്‍ക്കല്‍, തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കല്‍, പാതിരാപ്പൂ ചൂടല്‍ എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകള്‍.


പണ്ടൊക്കെ ഒരു ഗ്രാമത്തിലെ സ്ത്രീകള്‍ മുഴുവന്‍ ഏതെങ്കിലും ഒരു തറവാട്ടുമുറ്റത്ത് ഒത്തുചേര്‍ന്നിട്ടായിരുന്നു തിരുവാതിര ആഘോഷിച്ചിരുന്നത്. ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തില്‍ ആഘോഷം ചുരുക്കം ചില കുടുംബങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു.


തിരുവാതിര ആഘോഷവുമായി ബന്ധപ്പെട്ട് ഒട്ടനവധി കഥകള്‍ ഉണ്ട്. ഇന്ദ്രദേവാദികള്‍ പാലാഴിമഥനം നടത്തിയപ്പോള്‍ നാഗരാജാവ് വാസുകിയുടെ വായില്‍നിന്ന് പുറത്തുവന്ന കാളകൂടവിഷം ഭൂമിയില്‍ വീണ് ഭൂമി നശിക്കാതിരിക്കാന്‍ ദേവന്മാര്‍ ശിവനോട് സഹായം അഭ്യര്‍ഥിക്കുകയും ശിവന്‍ ആ വിഷം വിഴുങ്ങുകയും, ശിവനു അത് വിഴുങ്ങിയിട്ട് കുഴപ്പം ഇല്ലാതിരിക്കാന്‍ പാര്‍വതീദേവി ശിവന്റെ കഴുത്തില്‍ അമര്‍ത്തിപ്പിടിച്ച് ഉറക്കമൊഴിഞ്ഞ് പ്രാര്‍ഥിച്ചു എന്നതാണ് ഒരു കഥ. തിരുവാതിര ആഘോഷത്തില്‍ ഉറക്കമൊഴിക്കല്‍ വന്നത് അങ്ങനെ ആണത്രേ.


പരമശിവന്റെ ഭാര്യയായ സതീദേവിയുടെ പിതാവ് ദക്ഷൻ നടത്തിയ യാഗത്തില്‍ പരമശിവനെ വിളിക്കാതിരുന്നിട്ടും സതീദേവിയുടെ നിർബന്ധത്തിനു വഴങ്ങി ശിവന്‍ യാഗത്തില്‍ പങ്കെടുക്കാന്‍ ചെല്ലുകയും ദക്ഷന്‍ അവിടെ വെച്ച് ശിവനെ അപമാനിക്കുകയും ചെയ്തു. അതില്‍ വിഷമിച്ച് സതീദേവി ദേഹത്യാഗം ചെയ്യുകയും അതിനു ശേഷം ശിവന്‍ ഹിമാലയത്തില്‍ പോയി തപസ്സാരംഭിക്കുകയും ചെയ്തു. സതീദേവി ഹിമവാന്റെ പുത്രി പാര്‍വതി ആയിട്ട് പുനർജനിക്കുകയും ശിവനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് നിശ്ചയിച്ച് തപസ്സു ചെയ്യുന്ന ശിവന്റെ പ്രാര്‍ഥിക്കുകയും പരിചരിക്കുകയും ചെയ്തു. ആ സമയത്ത് താരകാസുരന്‍ എന്ന അസുരന്റെ ശല്യം കാരണം വിഷമിച്ച ദേവാദികള്‍ ബ്രഹ്മാവിനോട് ഉപദേശം തേടുകയും ശിവനും പാര്‍വതിക്കും ജനിക്കുന്ന പുത്രന്‍ നരകാസുരനെ വധിക്കും എന്ന് വരം കൊടുക്കുകയും ചെയ്തു. കാമദേവന്‍ ശിവന്റെ തപസ്സ് മുടക്കാനായി ചെല്ലുകയും ദേഷ്യം വന്ന ശിവന്‍ തൃക്കണ്ണ് തുറന്ന് കാമദേവനെ ചുട്ടെരിക്കുകയും , കാമദേവന്റെ ഭാര്യയായ രതീദേവി ആഹാരവും ജലപാനവും ഉപേക്ഷിച്ച് പ്രാര്‍ഥിക്കുകയും ഉണ്ടായി. ഇതിന്റെ ഓര്‍മ്മയ്ക്കായിട്ടാ‍ണത്രേ നോയമ്പ്.

പരമശിവനും പാര്‍വതിയും തമ്മില്‍ വിവാഹം നടന്ന തിരുനാള്‍ ആണ് തിരുവാതിര എന്നും ഐതിഹ്യം ഉണ്ട്.


രേവതി നാള്‍ മുതല്‍ ആണ് ശരിക്കും തിരുവാതിര ആഘോഷങ്ങള്‍ തുടങ്ങുന്നത്. ഒരാഴ്ച അതിരാവിലെ കുളത്തില്‍‌പ്പോയി തിരുവാതിരപ്പാട്ട് പാടി കുളിച്ച് , കുളക്കരയില്‍ വെച്ചു തന്നെ പൊട്ടുതൊട്ട്, ദശപുഷ്പം ചൂടി വരികയാണ് പതിവ്. കറുക, കൈയോന്നി, മുക്കുറ്റി,നിലപ്പന, ഉഴിഞ്ഞ, ചെറൂള, തിരുതാളി, മുയല്‍ച്ചെവി, കൃഷ്ണക്രാന്തി, പൂവാം കുരുന്നില, എന്നിവയാണ് ദശപുഷ്പങ്ങള്‍‍.


മകയിരം നാളില്‍ ആണ് എട്ടങ്ങാടി എന്ന വിഭവം ഉണ്ടാക്കുന്നത്. അതില്‍ കടല, ചെറുപയര്‍, തുവര, മുതിര,ഗോതമ്പ്, ചോളം, ഉഴുന്ന്, മമ്പയര്‍, എന്നീ ധാന്യങ്ങളും, കിഴങ്ങ്, കപ്പക്കിഴങ്ങ്, ഏത്തക്കായ, ചേന, ചേമ്പ്,കാച്ചില്‍, മധുരക്കിഴങ്ങ്, കൂര്‍ക്ക, എന്നീ കിഴങ്ങുകളും അടങ്ങിയിരിക്കുന്നു. ധാന്യങ്ങള്‍ വേവിച്ചെടുത്തും, കിഴങ്ങുകള്‍ ചുട്ടെടുത്തും,ആണ് ഉപയോഗിക്കേണ്ടത്. ശര്‍ക്കര( വെല്ലം) പാവ് കാച്ചി, അതില്‍ കൊപ്ര, കരിമ്പ്, ഓറഞ്ച്, ചെറുനാരങ്ങ, എന്നിവ ചെറുതായി അരിഞ്ഞ് ഇട്ട്, എള്ള്, തേന്‍, അല്പം നെയ്യ്, ഏത്തപ്പഴം ചുട്ടത്, എന്നിവ ചേര്‍ത്ത്, വേവിച്ച ധാന്യങ്ങളും, ചുട്ടെടുത്ത കിഴങ്ങുകളും യോജിപ്പിച്ച് എടുക്കുകയാണ് ചെയ്യുക. മകയിരം നാളില്‍ ഇലക്കുമ്പിള്‍ കുത്തി, അതില്‍ ഇളനീര്‍ നൈവേദ്യം കഴിച്ചതിന് ശേഷം എട്ടങ്ങാടി കഴിക്കുകയാണ് പതിവ്.


തിരുവാതിര നാള്‍ തുടങ്ങുന്ന മുതല്‍ തീരുന്നതുവരെയാണ് നോയമ്പ്. അരിഭക്ഷണം പാടില്ല. തിരുവാതിര നാള്‍ ഉള്ള രാത്രിയില്‍ ആണ്, ഉറക്കമൊഴിക്കല്‍.തിരുവാതിര നാള്‍ തീരുന്നതുവരെ ഉറങ്ങാന്‍ പാടില്ല. വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിരയാണ് പുത്തന്‍ തിരുവാതിര. ഉറക്കമൊഴിക്കുന്ന രാത്രിയില്‍ ആണ് പാതിരാപ്പൂചൂടല്‍. സ്ത്രീകള്‍ ഒത്തുകൂടി തിരുവാതിരപ്പാട്ട് പാടിക്കളിച്ചതിനു ശേഷം ദശപുഷ്പം വെച്ച വൃക്ഷച്ചോട്ടില്‍ പോയി അത് ചൂടി വരുന്നതാണ് പൂച്ചൂടല്‍.ഒന്നാനാം മതിലകത്ത് ഒന്നുണ്ടുപോല്‍ പൂത്തിലഞ്ഞി, പൂത്തിലഞ്ഞിപ്പൂപ്പറിയ്ക്കാന്‍ പോരുന്നുണ്ടോ തോഴിമാരേ എന്ന് പാടി , പത്താനാം മതിലകത്ത് എന്ന് വരെ പാടുമ്പോഴേക്കും ദശപുഷ്പം വെച്ചിരിക്കുന്ന വൃക്ഷച്ചോട്ടില്‍ എത്തി പൂച്ചൂടി വരികയാണ് പതിവ്.


തിരുവാതിരനാളില്‍ കൂവ കുറുക്കി കഴിക്കുന്നത് പതിവാണ്. കൂവപ്പൊടിയും ശര്‍ക്കരയും തേങ്ങയും ചേർന്നതാണ് ഇത്.

തിരുവാതിര തീരുന്ന സമയം കഴിഞ്ഞാല്‍ അരിഭക്ഷണം കഴിച്ച് നോയമ്പ് അവസാനിപ്പിക്കേണ്ടതാണ്. ഭഗവാനു നൂറ്റെട്ട് വെറ്റില നേദിച്ച് ഭര്‍ത്താവും ഭാര്യയും കൂടെ തിരുവാതിരനാളില്‍ കഴിച്ചു തീര്‍ക്കുന്ന ഏര്‍പ്പാടും ഉണ്ട്. മറ്റു പല വിശേഷദിവസങ്ങളുടേയും പതിവുപോലെ തിരുവാതിരയ്ക്കും വീടുകളില്‍ ഊഞ്ഞാല്‍ കെട്ടാറുണ്ട്.