തിരുനാവായ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള ഒരു ചെറിയ ഗ്രാമമാണ് തിരുനാവായ. മാമാങ്ക മഹോത്സവം നടത്തിയിരുന്ന സ്ഥലം എന്ന നിലയില് ചരിത്ര പ്രസിദ്ധമാണ് തിരുനാവായ. ഭാരതപ്പുഴയുടെ തീരത്തായാണ് തിരുനാവായ സ്ഥിതിചെയ്യുന്നത്.
ഒരുകാലത്ത് പെരുമ്പടപ്പ് സ്വരൂപത്തിന്റെ തലസ്ഥാനമായിരുന്നു തിരുനാവായ. സാമൂതിരി തിരുനാവായ പിടിച്ചടക്കിയപ്പോള് പെരുമ്പടപ്പ് സ്വരൂപത്തിന് തലസ്ഥാനം തിരുനാവായയില് നിന്ന് തിരുവഞ്ചിക്കുളത്തേക്ക് മാറ്റേണ്ടിവന്നു. 1353-നും 1361-നും ഇടയ്ക്ക് സാമൂതിരി ചെറിയ നാട്ടുരാജ്യങ്ങളുമായി തിരുനാവായ യുദ്ധം എന്ന് അറിയപ്പെടുന്ന അനേകം യുദ്ധങ്ങള് ചെയ്തു. തിരുനാവായ പിടിച്ചടക്കിയ സാമൂതിരി സ്വയം രക്ഷാപുരുഷനായി പ്രഖ്യാപിക്കുകയും അന്നുമുതല് മാമാങ്കം നടത്താനുള്ള അവകാശം തനിക്കു മാത്രമാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
പ്രശസ്ത കവിയായ മേല്പ്പത്തൂര് നാരായണ ഭട്ടതിരിപ്പാട് തിരുനാവായയില് നിന്നും മൂന്നര കിലോമീറ്റര് അകലെയായി നിളാ തീരത്തുള്ള മേല്പ്പത്തൂര് ഇല്ലത്താണ് ജനിച്ചത്.