സിദ്ധരൂപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംസ്കൃതഭാഷയിലെ നാമരൂപങ്ങള്‍ക്ക് അന്തലിംഗവിഭക്തിവചനങ്ങള്‍ അനുസരിച്ചും ക്രിയാരൂപങ്ങള്‍ക്ക് പദലകാരപുരുഷവചനങ്ങള്‍ അനുസരിച്ചും വന്നുചേരാവുന്ന ഭേദങ്ങള്‍ ക്രമീകരിച്ചുവെച്ചു പഠിക്കുന്ന പാഠരീതി; അത്തരം പട്ടികകള്‍ ഉള്ളടങ്ങിയ ഗ്രന്ഥം. സംസ്കൃതവയ്യാകരണനായിരുന്ന പാണിനിയുടെ നിയമങ്ങള്‍ക്കനുസരിച്ച് പദങ്ങള്‍ക്കു വന്നു ചേരാവുന്ന വ്യത്യാസങ്ങള്‍ (Declensions) ഈ പട്ടികകളിലൂടെ അവതരിപ്പിക്കുന്നു.

സാഹിത്യശിരോമണി കെ.എസ്.പരമേശ്വരശാസ്ത്രി ഇരിഞ്ഞാലക്കുടയില്‍നിന്നും 1936-മുതല്‍‍ പ്രസിദ്ധീകരിച്ചുവന്നിരുന്ന സിദ്ധരൂപാവലി എന്ന ലഘുപുസ്തകം ഇത്തരം ക്രമീകരണത്തിന് ഒരുത്തമ ഉദാഹരണമാണ്.


കേരളത്തിലെ പരമ്പരാഗതമായ കുടിപ്പള്ളിക്കൂടം സംസ്കൃതപഠനപദ്ധതി ‘സിദ്ധരൂപം’ അനുസരിച്ചായിരുന്നു. അതായത് പദങ്ങളുടെ വിഭക്ത്യര്‍ത്ഥങ്ങളും രൂപാന്തരവും പഠിച്ചുകൊണ്ടാണ് കേരളീയവിദ്യാര്‍ത്ഥി സംസ്കൃതപഠനത്തിലേക്കു പ്രവേശിച്ചിരുന്നത് (കേരളത്തിലെ തന്നെ വേദമഠങ്ങളിലും ഭാരതത്തിലെ മറ്റു സ്ഥലങ്ങളിലും ശബ്ദോല്‍പ്പത്തിയിലും ഉച്ചാരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് സംസ്കൃതാദ്ധ്യായനം തുടങ്ങി വെച്ചിരുന്നത്). സിദ്ധരൂപപഠനത്തിനുശേഷം ശ്രീരാമോദന്തവും പിന്നീട് അമരകോശം,രഘുവംശം,ശാകുന്തളം, കിരാതാര്‍ജ്ജുനീയം തുടങ്ങിയ സംസ്കൃതകൃതികളുടെ നിശ്ചിതഭാഗങ്ങളും പഠിച്ചുകഴിയുമ്പോഴേക്കും ഒരു ശരാശരി വിദ്യാര്‍ത്ഥിക്ക് അത്യാവശ്യത്തിനുള്ള സംസ്കൃതവ്യുല്‍പ്പത്തി നേടാനാവുമായിരുന്നു.


സിദ്ധരൂപപദ്ധതിയില്‍ നിന്നും മാറി 1959-ല്‍‍ ശ്രീ ഇ.പി.ഭരതപിഷാരോടി തിരുനാവായയില്‍ വെച്ച് സ്വന്തമായി ചിട്ടപ്പെടുത്തിയെടുത്ത മറ്റൊരു പഠനരീതിയാണ് കാമധേനു പദ്ധതി. നാല്പതുദിവസം കൊണ്ട് സംസ്കൃതഭാഷയില്‍ സാമാന്യമായ ഒരു അവഗാഹം സൃഷ്ടിക്കുവാന്‍ ഉദ്ദേശിച്ചു വികസിപ്പിച്ചെടുത്ത കാമധേനു പദ്ധതി പില്‍ക്കാലത്ത് ഭാരതത്തിലും പുറത്തും പ്രചാരത്തിലായിത്തീര്‍ന്നു.