ജെ.സി. ദാനിയേല്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ ആദ്യത്തെ നിശബ്ദ ചലച്ചിത്രമായ വിഗതകുമാരന്റെ നിര്‍മാതാവായ ജെ.സി ദാനിയേല്‍ മലയാള സിനിമയുടെ പിതാവ് എന്നാണ് അറിയപ്പെടുന്നത്. വിഗതകുമാരന്റെ നിര്‍മാണവും സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ചത് ദാനിയേലാണ്.

ഉള്ളടക്കം

[തിരുത്തുക] ജീവചരിത്രം

1900 ഫെബ്രുവരി 26ന് അഗസ്തീശ്വരത്ത് ജനിച്ച ദാനിയേല്‍ നന്നേ ചെറുപ്പത്തിലെ സിനിമയോടും ആയോധന കലകളോടും ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. വിദ്യാഭ്യാസത്തിനുശേഷം ചലച്ചിത്ര സാങ്കേതികവിദ്യ പഠിക്കാന്‍ മദ്രാസിലേക്ക് പോയ ദാനിയേലിന് അവിടുത്തെ സ്റ്റുഡിയോകളില്‍ പ്രവേശിക്കാന്‍ പോലും അനുമതി ലഭിച്ചില്ല. തുടര്‍ന്ന് മുംബൈയില്‍ എത്തിയാണ് അദ്ദേഹം ചലച്ചിത്ര സംവിധാനം പഠിച്ചത്.

[തിരുത്തുക] വിഗതകുമാരന്‍

പ്രധാന ലേഖനം: വിഗതകുമാരന്‍

മുംബൈയില്‍ നിന്നും തിരിച്ചെത്തി തിരുവന്തപുരത്ത് വിഗതകുമാരന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നെയ്യാറ്റിന്‍കരക്കു സമീപം പനച്ചമൂട് എന്ന സ്ഥലത്ത് സ്വന്തമായുണ്ടായിരുന്ന 100 ഏക്കര്‍ സ്ഥലം വിറ്റാണ് അദ്ദേഹം സിനിമക്കു വേണ്ടി പണം സ്വരൂപിച്ചത്. സംസ്ഥാനത്തെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ആയ ട്രാവന്‍കൂര്‍ നാഷണല്‍ പിക്ചേഴ്സിന് തിരുവനന്തപുരത്ത് അദ്ദേഹം തുടക്കം കുറിച്ചു. നാലു ലക്ഷത്തോളം രൂപ ചെലവിട്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ചിത്രീകരണം പൂര്‍ണമായും കേരളത്തിലായിരുന്നു. തിരുവന്തപുരത്ത് പി.എസ്.സി. ഓഫീസിനു സമീപം അഭിഭാഷനായ നാഗപ്പന്‍നായരുടെ വസതിയായിരുന്നു പ്രധാന ലൊക്കേഷന്‍.

1930 ഒക്ടോബര്‍ 23ന് ഏഴിന് തിരുവനന്തപുരം ക്യാപ്പിറ്റോള്‍ തിയേറ്ററിലും നാഗര്‍കോവില്‍ പയനിയര്‍ തിയേറ്ററിലുമാണ് വിഗതകുമാരന്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. രക്ഷിതാക്കളെ വേര്‍പിരിഞ്ഞ ഒരു കുട്ടിയുടെ ജീവിതമായിരുന്നു കഥാതന്തു. ദാനിയേലിന്റെ മകന്‍ സുന്ദര് ‍തന്നെയായിരുന്നു ചിത്രത്തിലെ നായകന്‍.

ആയോധനകലകളോടുള്ള ദാനിയലിന്റെ ആഭിമുഖ്യം മൂലം ചിത്രത്തില്‍ കളരിപ്പയറ്റ് രംഗങ്ങള്‍ ഏറെയുണ്ടായിരുന്നു. നായകനും നായികയും തമ്മിലുള്ള ശൃംഗാര രംഗം കണ്ട് യഥാസ്ഥിതികരായ പ്രേക്ഷകര്‍ രോഷാകുലരായി. കല്ലേറില്‍ സ്ക്രീന്‍ കീറി. പ്രദര്‍ശനം നിലച്ചു.

[തിരുത്തുക] ശേഷജീവിതം

ചിത്രം പരാജയമായിരുന്നു. ഒറ്റയാനായി പടംപിടിക്കാനിറങ്ങിയ ദാനിയേല്‍ കടബാധ്യതകളില്‍ മുങ്ങി. സ്റ്റുഡിയോയും സാങ്കേതിക ഉപകരണങ്ങളും വിറ്റു. ജീവിക്കാന്‍ നിവൃത്തിയില്ലാതെ അഗസ്തീശ്വരത്തേക്ക് മടങ്ങി. ഉപജീവനത്തിന് ദന്തചികിത്സകനാകാന്‍ തീരുമാനിച്ച ദാനിയേല്‍ മുംബെയിലും ചെന്നെയിലുമായി ഇതിനുവേണ്ടി പഠനം നടത്തി. നെയ്യാറ്റിന്‍കര, കാരക്കുടി, അഗസ്തീശ്വരം എന്നിവിടങ്ങളില്‍ ദന്താശുപത്രികള്‍ നടത്തി.

സംസ്ഥാന സര്‍ക്കാര്‍ അവശകലാകാരന്‍മാര്‍ക്കായി 300 രൂപ പെന്‍ഷന്‍ ആദ്യമായി ഏര്‍പ്പെടുത്തിയപ്പോള്‍ അപേക്ഷകരുടെ പട്ടികയില്‍ ദാനിയേലുമുണ്ടായിരുന്നു. പക്ഷെ സൂക്ഷ്മപരിശോധനയില്‍ മലയാളസിനിമയുടെ പിതാവിന്റെ അപേക്ഷ തള്ളപ്പെട്ടു. നിശബ്ദചിത്രമായതിനാല്‍ വിഗതകുമാരനെ മലയാളസിനിമയായി പരിഗണിക്കാനാവില്ലെന്നും ദാനിയേലിന്റെ സ്വദേശം അഗസ്തീശ്വരത്തായതിനാല്‍ അദ്ദേഹത്തിന്റെ മാതൃഭാഷ മലയാളംതന്നെയാണോ എന്നത് സംശയകരമാണെന്നും പരിശോധനാസമിതി വിലയിരുത്തി. വസ്തുതകള്‍ ബോധിപ്പിക്കാന്‍ ദാനിയേല്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു.

സ്വന്തമായുണ്ടായിരുന്നതെല്ലാം സിനിമക്കു വേണ്ടി നഷ്ടപ്പെടുത്തിയ ദാനിയേല്‍ 1975ല്‍ എഴുപത്തഞ്ചാം വയസില്‍ മരിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ വിധവ ജാനറ്റ് ദാനിയേലിന് സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിച്ചു.

[തിരുത്തുക] ജെ.സി. ദാനിയേല്‍ പുരസ്കാരം

മലയാളചലച്ചിത്ര മേഖലക്ക് സമഗ്രസംഭാവനകള്‍ നല്‍കുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 1992-ല്‍ ജെ.സി. ദാനിയേലിന്റെ പേരില്‍ ഒരു ലക്ഷം രൂപയുടെ പുരസ്കാരം ഏര്‍പ്പെടുത്തി. നിര്‍മാണ, വിതരണ മേഖലകളില്‍ അരനൂറ്റാണ്ടുകാലം നിറഞ്ഞുനിന്നിരുന്ന ടി.ഇ വാസുദേവനാണ് പ്രഥമ പുരസ്കാരം ലഭിച്ചത്.

[തിരുത്തുക] കണ്ണികള്‍

ആശയവിനിമയം
ഇതര ഭാഷകളില്‍