ഗുപ്ത സാമ്രാജ്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുപ്ത സാമ്രാജ്യം - പുരാതന ഇന്ത്യയില് രാഷ്ട്രീയമായും സൈനികമായും ഏറ്റവും ശക്തമായിരുന്ന സാമ്രാജ്യങ്ങളിലൊന്നാണ്. ക്രി.പി. 320 മുതല് 550 വരെയായിരുന്നു ഗുപ്ത സാമ്രജ്യത്തിന്റെ പ്രതാപകാലം. ഇന്ത്യാ ഉപദ്വീപിന്റെ വടക്കന് പ്രവിശ്യകളിലധികവും ഈ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു.
വിന്ധ്യ പര്വ്വതനിരകള്ക്കു വടക്ക് നാല്, അഞ്ച് നൂറ്റാണ്ടുകളിലായിരുന്നു ഗുപ്ത രാജവംശം ആധിപത്യമുറപ്പിച്ചിരുന്നത്. മൌര്യ സാമ്രാജ്യത്തോളം ശക്തമായിരുന്നില്ലെങ്കിലും ഗുപ്ത ഭരണ കാലഘട്ടം ഇന്ത്യന് ഉപഭൂഖണ്ഡത്തിലും സമീപ രാജ്യങ്ങളിലും മായാത്ത മുദ്രകള് പതിപ്പിച്ചു. പുരാതന കാലഘട്ടത്തിലെ നാണയങ്ങള്, ചുവരെഴുത്തുകള്, സ്മാരകങ്ങള്, സംസ്കൃത കൃതികള് എന്നിവയില് നിന്നൊക്കെ ഗുപ്ത രാജവംശത്തെപ്പറ്റിയുള്ള വിവരങ്ങള് ലഭിക്കും.
ഗുപ്ത രാജക്കന്മാര് മികവുറ്റ സൈനിക യോദ്ധാക്കളും ഭരണ നിപുണരുമായിരുന്നു എന്നാണു ചരിത്രം രേഖപ്പെടുത്തുന്നത്. ഹൂണന്മാരുടേതടക്കമുള്ള വൈദേശിക നുഴഞ്ഞു കയറ്റത്തെ ചെറുത്ത് സാമ്രാജ്യത്തിന്റെ രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കുന്നതില് ഇവര് ബദ്ധശ്രദ്ധരായിരുന്നു. രാഷ്ട്രീയ സ്ഥിരത സാമ്പത്തിക അഭിവൃദ്ധിയിലേക്കും സാംസ്കാരിക ഉന്നമനത്തിലേക്കും നയിച്ചു എന്നുവേണം കരുതുവാന്.
സംസ്കൃത സാഹിത്യവും അതിന്റെ ഔന്നത്യത്തിലെത്തിയത് ഗുപ്ത രാജവംശത്തിന്റെ കാലത്തായിരുന്നു. കാളിദാസന്, വിശാഖദത്തന്, ഭൈരവന് തുടങ്ങിയ മഹാകവികള് ഈ കാലഘട്ടത്തിലാണു ജീവിച്ചിരുന്നത്. നിരവധി പുരാണങ്ങളും ശാസ്ത്രഗ്രന്ഥങ്ങളും ഇക്കാലത്ത് വിരചിതമായി. പുരാതന കൃതികള്ക്ക് അനുപമമായ വ്യഖ്യാനങ്ങള് പിറന്നു. മുമ്പ് പാലി, അര്ധമഗധി, പ്രാകൃതി ഭാഷകളില് രചിക്കപ്പെട്ടിരുന്ന ബുദ്ധ, ജൈന സാഹിത്യ രചനകളും ഇക്കാലത്ത് സംസ്കൃതത്തിലേക്ക് മാറ്റിയെഴുതപ്പെട്ടു.
ശില്പചാരുത നിറയുന്ന ക്ഷേത്രങ്ങള് ദേവന്മാര്ക്കായി പണിതീര്ക്കുന്ന രീതിക്കു തുടക്കമിട്ടത് ഗുപ്ത കാലഘട്ടത്തിലാണെന്നു കരുതപ്പെടുന്നു. പ്രശസ്തമായ അജന്താ ഗുഹാക്ഷേത്രത്തിലെ 28 ഗുഹകളില് മിക്കവയും ഈ കാലഘട്ടത്തിന്റെ സൃഷ്ടികളാണ്.
വൈദ്യശാസ്ത്രം, ഗണിതം, ജ്യോതിശസ്ത്രം എന്നീ മേഖലകളില് നിരവധി അമൂല്യ ഗ്രന്ഥങ്ങളും ഇക്കാലത്ത് രചിക്കപ്പെട്ടു. ആര്യഭടന്, വരാഹമിഹരന് എന്നിവര് ജീവിച്ചിരുന്നതും ഈ സമയത്താണ്. വിദേശ രാജ്യങ്ങളുമായുള്ള വാണിജ്യ ബന്ധങ്ങള് ശക്തമായിരുന്നു. ഈ ബന്ധത്തിന്റെ ഫലമായത്രേ ബര്മ്മ, കംബോഡിയ, തായ്ലന്ഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളില് ഹൈന്ദവ, ബുദ്ധ മതങ്ങളുടെ സ്വാധീനം വളര്ന്നത്. ക്രി.പി. 399നും 414നുമിടയ്ക്ക് ഇന്ത്യയിലെത്തിയ ചൈനീസ് സഞ്ചാരി ലുയി കാംഗ്, ഗുപ്ത കാലഘട്ടത്തിലെ അഭിവൃദ്ധിയും സമാധാനാന്തരീക്ഷവും രേഖപ്പെടുത്തിയിട്ടുണ്ട്.